---
title: "എന്റെ ആദ്യത്തെ കുഞ്ഞ്, നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരൊറ്റ ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല; ലിന്റു റോണി, കുറിപ്പ് വൈറൽ "
english_title: "My first child, there is not a single day in my life when I don't think of you; Lintu Roni, the post went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101741/my-first-child-there-is-not-a-single-day-in-my-life-when-i-dont-think-of-you-lintu-roni-the-post-went-viral"
published_at: "2023-03-07T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406d3f3ed4cc_linto_jose.jpg"
keywords: []
---

# എന്റെ ആദ്യത്തെ കുഞ്ഞ്, നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരൊറ്റ ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല; ലിന്റു റോണി, കുറിപ്പ് വൈറൽ 

> **Lead Summary:** സിനിമകളിലൂടെയും സീരിയലുകളിലൂടെയും എല്ലാം കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു കൂടുതൽ ശ്രദ്ധ നേടുന്നത്. വിവാഹശേഷം ലണ്ടനില്‍ സ്ഥിരതാമസമാണ് താരം.

## Article Content

സിനിമകളിലൂടെയും സീരിയലുകളിലൂടെയും എല്ലാം കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു കൂടുതൽ ശ്രദ്ധ നേടുന്നത്. വിവാഹശേഷം ലണ്ടനില്‍ സ്ഥിരതാമസമാണ് താരം.

സോഷ്യല്‍ മീഡിയയിലൊക്കെ വളരെ ആക്ടീവാണ് ലിന്റു. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് വ്ലോഗിങ്ങൊക്കെയായി ലിന്റു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം ലിന്റു പങ്കുവെച്ചിരുന്നു. 

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ലിന്റു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലിന്റുവിനും ഭര്‍ത്താവിനും കുഞ്ഞ് പിറക്കാന്‍ പോകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലിന്റു അടുത്തിടെ ഈ സന്തോഷം പങ്കുവെച്ചത്. കുഞ്ഞില്ലാത്തതിന്റെ പേരിൽ നിരവധി കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട് ഇവർക്ക്.

ഇപ്പോഴിതാ, ലിന്റുവിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മരിച്ചുപോയ തന്റെ സഹോദരനായ മോനുക്കുട്ടന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടാണ് ലിന്റുവിന്റെ പുതിയ പോസ്റ്റ്. 'സ്വര്‍ഗത്തില്‍ നിന്ന് അവനിപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാവും.

ഞങ്ങളെയൊക്കെ നീ കാണുന്നുണ്ടാവും എന്നാണ് കരുതുന്നത്. ഞങ്ങള്‍ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നും മിസ് ചെയ്യുന്നുണ്ടെന്നും മനസിലാവുമെന്ന് കരുതുന്നു. എന്നും എന്റെ ആദ്യത്തെ കുട്ടി നീയാണ്. നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരൊറ്റ ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല' എന്നുമായിരുന്നു ലിന്റു ഫേസ്ബുക്കില്‍ കുറിച്ചത്.

മോനുക്കുട്ടനൊപ്പമുള്ള ചിത്രവും ലിന്റു പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും മോനുകുട്ടനെ കുറിച്ച് ലിന്റു സംസാരിച്ചിട്ടുണ്ട്. ഒരുകാലത്ത് ഞങ്ങളുടെ കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു മോനുക്കുട്ടന്‍. ഇപ്പോള്‍ കൊച്ചുമക്കളില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. മോനുക്കുട്ടന് വേണ്ടി ജോലിയൊക്കെ മാറ്റിവെച്ചിരുന്നു മമ്മി.

അവനെ കൊണ്ടുപോയി ഏതെങ്കിലും സ്‌കൂളിൽ ആക്കൂ എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അതൊന്നും ചെയ്യാതെ അവനെ 27 വര്‍ഷം നന്നായി നോക്കിയിരുന്നു മമ്മിയും പപ്പയും. ജീവിതത്തില്‍ ഞങ്ങളേറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മോനുക്കുട്ടനെയാണ്. ഞങ്ങളുടെ എല്ലാവരുടെയും ആദ്യത്തെ കുഞ്ഞ് അവനായിരുന്നു. 27 വര്‍ഷക്കാലം ഞങ്ങളെല്ലാം അവനെ നോക്കി. ഇപ്പോള്‍ അവന്‍ കൂടുതൽ സേഫാണ് എന്നാണ് വിശ്വസിക്കുന്നത്. 

എന്റെയും അക്കയുടെയും കല്യാണത്തിനെല്ലാം അവനുണ്ടായിരുന്നു. കൂടുതല്‍ കഷ്ടപ്പെടുത്തണ്ടെന്ന് തോന്നിയത് കൊണ്ടായിരിക്കണം ദൈവം അവനെ നേരത്തെ വിളിച്ചത് എന്നായിരുന്നു ലിന്റു മുന്‍പ് പറഞ്ഞത്. 

അവനെക്കുറിച്ച് പറയുമ്പോള്‍ ഇമോഷണലായി പോകുമെന്ന് മുന്‍പൊരു വീഡിയോയില്‍ ലിന്റു പറഞ്ഞിരുന്നു. മോനുക്കുട്ടന്‍ സ്‌പെഷല്‍ കിഡായിരുന്നു. സംസാരിക്കാനൊന്നും കഴിയുമായിരുന്നില്ല. ഒരു ദിവസം ഉറക്കത്തിനിടയില്‍ അവന്‍ ഞങ്ങളെ വിട്ട് പോവുകയായിരുന്നു.

അവന് വയ്യാത്തതിനാല്‍ കാര്യങ്ങളെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്ത് കൊടുക്കുമായിരുന്നു. യാതൊരുവിധ കുറവും അറിയിക്കാതെയാണ് ഞങ്ങള്‍ അവനെ നോക്കിയത്. അവന്റെ വരവോടെ മമ്മി ജോലിയെല്ലാം ഉപേക്ഷിച്ച് മുഴുവന്‍ സമയവും അവനൊപ്പം നില്‍ക്കുകയായിരുന്നു. കുഞ്ഞുങ്ങളെ പരിചരിക്കുന്ന പോലെയാണ് ഞങ്ങളെല്ലാം അവന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും ലിന്റു പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101741/my-first-child-there-is-not-a-single-day-in-my-life-when-i-dont-think-of-you-lintu-roni-the-post-went-viral)