---
title: "ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ബുര്‍ജ് ഖലീഫയുടെ പണി നടക്കുകയായിരുന്നു, ഇത് സ്വപ്നം"
english_title: "While working in Dubai, work on the Burj Khalifa was underway, which was a dream come true"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10086/while-working-in-dubai-work-on-the-burj-khalifa-was-underway-which-was-a-dream-come-true"
published_at: "2021-11-11T16:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cf9b5d4c2d_salman.jpg"
keywords: []
---

# ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ബുര്‍ജ് ഖലീഫയുടെ പണി നടക്കുകയായിരുന്നു, ഇത് സ്വപ്നം

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. 'കുറുപ്പി'ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞപ്പോള്‍ ഡൗണ്‍ടൗണ്‍ പ്രദേശത്തുണ്ടായിരുന്നവര്‍ ആവേശത്തിലായി.

## Article Content

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. 'കുറുപ്പി'ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞപ്പോള്‍ ഡൗണ്‍ടൗണ്‍ പ്രദേശത്തുണ്ടായിരുന്നവര്‍ ആവേശത്തിലായി.

ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടൊപ്പം ദുബായിലെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ചു. ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

'ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.'ദുല്‍ഖര്‍ പറഞ്ഞു.

'കുറുപ്പി'ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുന്നത് ഫേസ്ബുക്ക് ലൈവിലൂടെ നിരവധി പേര്‍ കണ്ടു. ഒരു മിനിറ്റ് നാല് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ട്രെയിലറാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് കുറുപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കുന്ന നാളുകളിലെ പ്രധാന റിലീസാണ് 'കുറുപ്പ്'. നാളെയാണ് സിനിമ റിലീസ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/10086/while-working-in-dubai-work-on-the-burj-khalifa-was-underway-which-was-a-dream-come-true)