മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരാഴ്ച കഴിയുകയാണ്.സോഷ്യൽ മീഡിയയിലെ സുബിയുടെ പേജിലൊക്കെ ഇന്നും ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്.
അതേസമയം, സുബിയുടെ മൃതദേഹം കാണാൻ നസീർ സംക്രാന്തി എത്തിയിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിട്ടും നസീർ സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്താതിരുന്നത് ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ സുബിയെ കാണാൻ പോകാതിരുന്നത് എന്ന് വ്യക്തമാക്കുകയാണ് നസീർ സംക്രാന്തി. തനിക്ക് ആ കാഴ്ച കാണാൻ കഴിയില്ലായിരുന്നു എന്നാണ് നടൻ പറയുന്നത്. ബെൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'സുബിയെ കാണാൻ പോകാതിരുന്നതിന് രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാൻ എഗ്രിമെന്റ് വെച്ച് ചെയ്യുന്ന കാര്യമാണ്. എനിക്ക് അവിടെ നിന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കാര്യം അവളുടെ ചിരിച്ച മുഖം ഇന്നും എന്റെ മനസ്സിൽ ഇങ്ങനെ കിടപ്പുണ്ട്. ഞാനുമായിട്ട് ഇടപഴകിയതും കളിയും ചിരിയും എല്ലാമുള്ള ആ മുഖം എന്റെ മനസ്സിൽ കിടപ്പുണ്ട്,'
'അവൾ അങ്ങനെ കിടക്കുമ്പോൾ പോയി കാണാൻ എന്റെ മനസ് എന്നെ അനുവദിച്ചില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ആ മുഖം എനിക്ക് കാണണ്ട. അവളുടെ ചിരിച്ച മുഖം മാത്രം മതിയെന്റെ മനസ്സിൽ,' നസീർ സംക്രാന്തി പറഞ്ഞു.
'ഞങ്ങൾ വളരെ സ്പൊണ്ടേനിയസ് ആയിട്ട് ചെയ്യുന്ന രണ്ടു ആളുകളാണ്. ഞാനും അവളുമാണ് ഏറ്റവും കൂടുതൽ സ്റ്റാൻഡ് അപ്പ് ചെയ്തിരിക്കുന്നത്. വീണ നായരാണ് അവളുടെ മരണ വിവരം എന്നെ വിളിച്ചു പറയുന്നത്. ഞാൻ മറ്റുള്ളവരെയൊക്കെ വിളിച്ച് അറിയിച്ചു. പക്ഷെ ആ ബോഡി അങ്ങനെ കിടക്കുന്നത് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല,' .

'നമ്മുടെ ജീവിതത്തിൽ നിന്ന് വിട്ടു പോകുന്നവരാണ് അവരൊക്കെ. എനിക്ക് അതൊന്നും കാണാൻ പറ്റില്ല. ഞാൻ പോയിരുന്നെങ്കിൽ അവിടെ നിന്ന് കരഞ്ഞു പോയേനെ. ഞാൻ ചാനലിലെ ന്യൂസിൽ ഒക്കെയും അവളെക്കുറിച്ച് പറഞ്ഞായിരുന്നു. എന്നാലും അവിടെ പോയാൽ ഞാൻ കരയും. അത് ചാനലിലും ടിവിയിലും ഒക്കെ വരും എനിക്ക് അത് ഇഷ്ട്ടമല്ല,'
'അവളുടെ മുഖമെല്ലാം എന്റെ ഹൃദയത്തിലുണ്ട്. ഞാൻ മരിക്കുന്നത് വരെ അത് അങ്ങനെ കാണും. കാണാൻ പോയില്ല എന്ന് പറഞ്ഞ് ആരും കുറ്റം പറയേണ്ട കാര്യമില്ല. ചോദിക്കുന്നവർക്ക് എന്തും ചോദിക്കാം. എന്റെ മനസ്സിൽ അവളുടെ ചിരിച്ച മുഖം മതി,' നസീർ പറഞ്ഞു.
'ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്ന ആളുകൾ ആണ് ഇത്തരം കമന്റ്സ് പങ്കിടുന്നത്. ദൈവത്തിന്റെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ് മരണം. അതൊക്കെ ആളുകൾക്ക് പല രീതിയിൽ പറഞ്ഞുണ്ടാക്കാം. സാധാരണ ആളുകൾക്ക് ഇത്രയും വിഷമം ഉണ്ടെങ്കിൽ നമ്മളുടെ അവസ്ഥ എന്താകും എന്ന് ആലോചിച്ചു നോക്കൂ. എന്റെ മനസ്സിൽ എന്നും അവൾ ചിരിച്ചാണ് ഇരിക്കുന്നത്. അത് എന്നും അങ്ങനെ ഇരുന്നോട്ടെ,' എന്നും നസീർ പറഞ്ഞു.
Content Highlight: Now, Naseer Sankranti is clarifying why he did not go to meet Subi.


































