---
title: "നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്,   അത് പിന്നീട്  നല്ലതായിട്ടേ വന്നിട്ടുള്ളൂ; നിവിന്‍"
english_title: "There has been controversy over saying no, and it has only gotten better since then; Nivin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10077/there-has-been-controversy-over-saying-no-and-it-has-only-gotten-better-since-then-nivin"
published_at: "2021-11-11T15:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cf05909132_nivin.jpg"
keywords: []
---

# നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്,   അത് പിന്നീട്  നല്ലതായിട്ടേ വന്നിട്ടുള്ളൂ; നിവിന്‍

> **Lead Summary:** കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളി. നിവിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നതും നടന്‍ തന്നെയാണ്. നവംബര്‍ 12 ന് സിനിമ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, കരിയറില്‍ ഇതുവരെ ഒരുപാട് സിനിമകള്‍ക്ക് നോ പറഞ്ഞിട്ടുണ്ട് എന്ന് നടന്‍ വെളിപ്പെടുത്തി.

## Article Content

കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളി. നിവിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നതും നടന്‍ തന്നെയാണ്. നവംബര്‍ 12 ന് സിനിമ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, കരിയറില്‍ ഇതുവരെ ഒരുപാട് സിനിമകള്‍ക്ക് നോ പറഞ്ഞിട്ടുണ്ട് എന്ന് നടന്‍ വെളിപ്പെടുത്തി.

പന്ത്രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നോ പറയേണ്ടിടത്ത് നോ പറയുകയും, യെസ് പറയേണ്ടിടത്ത് അത് പറയുകയും ചെയ്ത നടനാണ് നിവിന്‍. അത് തന്നെയാണോ ഈ കരിയറിന്റെ വിജയം എന്നായിരുന്നു  ചോദ്യം. അതെ എന്ന് അഭിമാനത്തോടെ നിവിന്‍ മറുപടി നല്‍കി. ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്. നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അത് പിന്നീട് എനിക്ക് കരിയറില്‍ ഗുണം ചെയ്തിട്ടേയുള്ളൂ - നിവിന്‍ പോളി പറഞ്ഞു.

എന്റെ ഇന്‍ഹിബിഷന്‍സ് അനുസരിച്ച് സിനിമകള്‍ ചെയ്യുന്ന ആളാണ് ഞാന്‍. മനസ്സ് പറയുന്നതിനൊപ്പമാണ് പോകുന്നത്. ചിലപ്പോള്‍ അത് ശരിയായിരിയ്ക്കാം. ചിലപ്പോള്‍ തെറ്റും. പക്ഷെ എന്നെ സംബന്ധിച്ച് ആ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു- ഒരു  അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ല എന്നും, അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നും നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നിവിന്‍ അടക്കമുള്ള പുതിയ നടന്മാരെ പ്രിയദര്‍ശന്‍ വിമര്‍ശിച്ചതും അന്ന് വാര്‍ത്തയായിരുന്നു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ തനിയ്ക്ക് അര്‍ഹിയ്ക്കുന്ന സ്ഥാനം കിട്ടില്ല എന്ന് പറഞ്ഞ് നിവിന്‍ പിന്മാറി എന്നൊക്കെയായിരുന്നു ഗോസിപ്പ്. നിവിന് പകരം ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാനാണ് ആ കഥാപാത്രം ചെയ്തത്. വന്‍ പ്രതീക്ഷയോടെ വന്ന സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടു.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ മറ്റൊരു തലത്തിലേക്ക് കടന്ന നിവിന്‍ പോളിയുടേതായി ഇനി വരാനിരിയ്ക്കുന്ന ചിത്രങ്ങളെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. പടവെട്ട്, തുറമുഖം, മഹാവീര്യര്‍ എന്നീ ചിത്രങ്ങള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. താരം, ബിസ്മി സ്‌പെഷ്യല്‍, ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നീ ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10077/there-has-been-controversy-over-saying-no-and-it-has-only-gotten-better-since-then-nivin)