---
title: "പുരുഷ കഴുതകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ഗുജറാത്തില്‍ ഹലാരി കഴുതകളുടെ ജനനത്തിനായി പ്രത്യേക ആഘോഷം"
english_title: "A drastic decline in the number of male donkeys; Special celebration for the birth of Halari donkeys in Gujarat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100653/a-drastic-decline-in-the-number-of-male-donkeys-special-celebration-for-the-birth-of-halari-donkeys-in-gujarat"
published_at: "2023-03-01T20:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff692358ed1_viral.jpg"
keywords: []
---

# പുരുഷ കഴുതകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ഗുജറാത്തില്‍ ഹലാരി കഴുതകളുടെ ജനനത്തിനായി പ്രത്യേക ആഘോഷം

> **Lead Summary:** തദ്ദേശീയമായ കഴുതപ്പാലിന് പേരുകേട്ടതും എന്നാല്‍‌ വംശനാശ ഭീഷണി നേരിടുന്നതുമായ ഹലാരി കഴുതകളുടെ ജനനത്തിനായി ഗുജറാത്തില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു.

## Article Content

തദ്ദേശീയമായ കഴുതപ്പാലിന് പേരുകേട്ടതും എന്നാല്‍‌ വംശനാശ ഭീഷണി നേരിടുന്നതുമായ ഹലാരി കഴുതകളുടെ ജനനത്തിനായി ഗുജറാത്തില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു.

ഹലാരി കഴുതപ്പാലിന് ആവശ്യക്കാരേറെയായതിനാല്‍ ഒരു ലക്ഷം രൂപയോളമാണ് ഒരു ഹലാരി കഴുതയുടെ വില. അതേ സമയം ഇവ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ഗുജറാത്തില്‍ തന്നെ ഇവയുടെ 450 എണ്ണമാണ് അവശേഷിക്കുന്നത്. അതിനാല്‍ ഇവയുടെ വംശനാശം തടയുന്നതിനും പ്രജനനത്തിനുമായി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ഹലാരി കഴുതകളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി രാജ്‌കോട്ട് ജില്ലയിലെ ഉപ്‌ലെറ്റ താലൂക്കിലെ കോൽക്കി ഗ്രാമത്തിലാണ് പുതിയ ഹലാരി കഴുതകളുടെ ജനനത്തിനായി ആഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. ഹലാരി ഗദർഭ സംവർദ്ധൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.

പരിപാടിയിൽ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗർഭിണികളായ ഹളാരി കഴുതകൾക്കായി സംഘടിപ്പിച്ച 'ഗോദ്ഭാരായി' ചടങ്ങില്‍ ഗ്രാമത്തിലെ സ്ത്രീകൾ പെൺകഴുതകള്‍ക്ക് തിലകം, കുങ്കുമം, അരി, പിങ്ക് ചുണ്ണി (ദുപ്പട്ട) എന്നിവ തളിക്കുന്നതും പൂമാലകൾ ഇടുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ നടത്തി.

സൗരാഷ്ട്ര മേഖലയിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയായി ഹലാരി കഴുതയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാൽധാരി സമൂഹത്തിലും മറ്റുള്ളവരിലും അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഹലാരി കഴുതകളിലെ പുരുഷന്മാരുടെ എണ്ണം കുറയുന്നതിനാൽ, വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടത്തിയത്.

ഹലാരി കഴുതയുടെ പാലിന് ലിറ്ററിന് 180 രൂപയാണ് വില. സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഇവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സിംബയോസിസ് ഓർഗനൈസേഷനും പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100653/a-drastic-decline-in-the-number-of-male-donkeys-special-celebration-for-the-birth-of-halari-donkeys-in-gujarat)