---
title: "മഞ്ജുവിന്റെ പ്രതിഫലം താങ്ങാനായില്ല, പകരം പ്രിയാമണി വന്നു; നാസര്‍ ലത്തീഫ്  പറയുന്നു  "
english_title: "Unable to afford Manju's reward, Priyamani came instead; Nasser Latif says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100039/unable-to-afford-manjus-reward-priyamani-came-instead-nasser-latif-says"
published_at: "2023-02-27T16:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8ca36ea1c_manju.jpg"
keywords: []
---

# മഞ്ജുവിന്റെ പ്രതിഫലം താങ്ങാനായില്ല, പകരം പ്രിയാമണി വന്നു; നാസര്‍ ലത്തീഫ്  പറയുന്നു  

> **Lead Summary:** നാസര്‍ ലത്തീഫ് ആദ്യമായി സ്വാതന്ത്ര നിര്‍മ്മാതാവായ ചിത്രമായിരുന്നു ‘ആഷിഖ് വന്ന ദിവസം’. പ്രിയാമണിയും നാസറും വേഷമിട്ട ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രകടനത്തിലൂടെ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്സില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം അദേഹത്തിന് ലഭിച്ചിരുന്നു.

## Article Content

നാസര്‍ ലത്തീഫ് ആദ്യമായി സ്വാതന്ത്ര നിര്‍മ്മാതാവായ ചിത്രമായിരുന്നു ‘ആഷിഖ് വന്ന ദിവസം’. പ്രിയാമണിയും നാസറും വേഷമിട്ട ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രകടനത്തിലൂടെ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്സില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം അദേഹത്തിന് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ പിന്നാമ്പുറ കഥയാണ് നാസര്‍ ലത്തീഫ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെങ്കിലും താരത്തിന്റെ പ്രതിഫലം താങ്ങാന്‍ കഴിയാതിരുന്നതിനാല്‍ പ്രിയ മാണിയെ സമീപിക്കുകയായിരുന്നു എന്നാണ് നാസര്‍ ലത്തീഫ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

***നാസര്‍ ലത്തീഫിന്റെ വാക്കുകള്‍***

ഞാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമയാണ് ആഷിഖ് വന്ന ദിവസം. അതില്‍ ഞാനും പ്രിയാമണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിഷ് കൈമള്‍ എന്നൊരാള്‍ നല്ലൊരു കഥയുമായി വന്നു അങ്ങനെ ചെയ്തതാണ്.

മകന്‍ അഫഗാനിസ്ഥാനില്‍ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികള്‍ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാന്‍ അച്ഛന്‍ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം.

ഞാന്‍ അതില്‍ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചു. നോമിനേഷനുകളില്‍ വന്നു. അത് സാമ്പത്തികമായി നേട്ടമായില്ല.

എങ്കിലും ഒരു കലാകാരന്‍ എന്ന നിലയില്‍ വലിയ തൃപ്തി നല്‍കി. പ്രിയാമണി നല്ലൊരു ആര്‍ട്ടിസ്റ്റാണ്. നല്ലൊരു മനുഷ്യനാണ്. എനിക്ക് അവരെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവര്‍ ഇവിടെ വന്നു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു.

അവര്‍ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്. ആദ്യം നായികയായി നമ്മള്‍ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാന്‍ വിളിച്ചു.

ഡയറക്ടര്‍ വിളിച്ചു സംസാരിച്ചു. അവര്‍ക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവര്‍ അതിന് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. അവര്‍ അര്‍ഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാന്‍ പറ്റിയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/100039/unable-to-afford-manjus-reward-priyamani-came-instead-nasser-latif-says)